അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 2.60 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ മൂവാറ്റുപുഴ – പാണിയേലി റോഡ് ജനങ്ങൾക്ക് സമർപ്പിച്ചു

October 8, 2026

അശമന്നൂർ പ്രദേശവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 2.60 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മൂവാറ്റുപുഴ – പാണിയേലി റോഡിന്റെ ഓടക്കാലി മുതൽ മേതല കനാൽ പാലം വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. 2026 ഒക്ടോബർ 7 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് നടന്ന ചടങ്ങിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി. കെ. ബഷീർ റോഡിന്റെ ഉദ്ഘാടനവും ഇതോടൊപ്പം വിബിജി റാം ജി പദ്ധതിയുടെ അശമന്നൂർ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനവും നിർവ്വഹിച്ചു. 

ചടങ്ങിൽ പെരുമ്പാവൂർ എം.എൽ.എ ശ്രീ. മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. എം. സലിം സ്വാഗതം ആശംസിച്ചു. ബഹു. ചാലക്കുടി എം.പി ശ്രീ. ബെന്നി ബഹന്നാൻ ചടങ്ങിൽ മുഖ്യഅതിഥിയായി പങ്കെടുത്തു. മുൻ എം.എൽ.എ ശ്രീ. എൽദോസ് പി കുന്നപ്പിള്ളിൽ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. വി. സുനിൽ എന്നിവർ വിശിഷ്ടസാന്നിധ്യമായി ചടങ്ങിൽ സംബന്ധിച്ചു. 

നാടിന്റെ വികസന മുന്നേറ്റത്തിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മലയോര/ഗ്രാമീണ മേഖലകളിലെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനും പ്രദേശത്തിന്റെ സാമ്പത്തിക, വിനോദസഞ്ചാര വികസനത്തിന് ആക്കം കൂട്ടുന്നതിനും തടസ്സരഹിതമായ ഗതാഗത സംവിധാനം അത്യാവശ്യമാണ്. ഉയർന്ന ഗുണനിലവാരത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഈ റോഡ് പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക വികസനത്തിന്റെ പുതിയൊരു അധ്യായത്തിനാണ് ഈ പദ്ധതിയിലൂടെ തുടക്കമായിരിക്കുന്നത്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാണിയേലി പോരിലേക്ക് എത്തുന്ന സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ഏറെ പ്രയോജനപ്പെടുന്നതാണ് നവീകരിച്ച ഈ റോഡ്. 

ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. മുബാസ് ഓടക്കാലി, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്  അംഗം ശ്രീമതി. പ്രീത സുകു, അശമന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ബിന്ദു നാരായണൻ, വിവിധ ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ഉദ്യോഗസ്ഥർ, പ്രദേശവാസികളായ നാട്ടുകാർ തുടങ്ങി വൻ ജനപങ്കാളിത്തമാണ് ചടങ്ങിൽ ദൃശ്യമായത്. ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികളും ഭാരവാഹികളും നവീകരണ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

inaguration