വാർത്തകളും വിവരങ്ങളും
ടെണ്ടറുകൾ ക്ഷണിക്കുന്നു
അശമന്നൂർ ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതി 2026-27 സെക്രട്ടറി നിർവ്വഹണോദ്യഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പഞ്ചായത്ത് ഓഫീസിലേക്ക് ഫർണിച്ചർ വാങ്ങൽ എന്ന പദ്ധതിക്ക് ആവശ്യമായ സാധന സാമഗ്രികളും സേവനങ്ങളും സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത കരാറുകാരിൽ/സപ്ലൈയർമാരിൽ നിന്നും നിശ്ചിതമാതൃകയിലുള്ള ഫാറത്തിൽ ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് ചുവടെയുള്ള വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

പെൻഷൻ മസ്റ്ററിംഗ്
അശമന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകളും അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് നിർബന്ധമായും പൂർത്തിയാക്കേണ്ടതാണ്. 2025 വർഷത്തെ മസ്റ്ററിംഗ് 2026 ജൂലൈ 16 വരെ ചെയ്ത ഗുണഭോക്താക്കളും, ഈ നിശ്ചിത കാലയളവിൽ 2026 വർഷത്തെ മസ്റ്ററിംഗ് വീണ്ടും ചെയ്യേണ്ടതുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തുന്ന ഇ-മസ്റ്ററിംഗ് ബയോമെട്രിക് തകരാറുകൾ മൂലമോ മറ്റോ പരാജയപ്പെടുന്ന ഗുണഭോക്താക്കൾ, നിശ്ചിത സമയപരിധിക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പെൻഷൻ തടസ്സം കൂടാതെ ലഭിക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളും സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തിയാക്കി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ടത്തിന് നിർണായകമായ തുടക്കം
കേരളത്തെ ലഹരിമുക്തമാക്കുന്നതിനായി സർക്കാരും സംസ്ഥാന പോലീസും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ടത്തിന് നിർണായകമായ ജനകീയ പങ്കാളിത്തത്തോടെ ഔദ്യോഗിക തുടക്കമായി. 2026 സെപ്റ്റംബർ 28 രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പദ്ധതിയുടെ രണ്ടാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിച്ചു.'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അശമന്നൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ഉദ്ഘാടനത്തിന്റെ ഭാഗമായി അന്നേ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. എം സലിം തൂഫാൻ പതാക ഉയർത്തുകയും പദ്ധതി ഔപചാരികപരമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൂടാതെ വാർഡ് തലത്തിൽ 'തൂഫാൻ വാരിയേഴ്സ്' എന്ന ജനകീയ സേനയ്ക്ക് രൂപം നൽകുകയും അവർക്ക് 'തൂഫാൻ വാരിയേഴ്സ്' ബാഡ്ജ് സമ്മാനിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. മുബാസ് ഓടക്കാലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. പ്രീത സുകു, വൈസ് പ്രസിഡന്റ് ശ്രീമതി. ബിന്ദു നാരായണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, നിർവ്വഹണ ഉദ്യോഗസ്ഥർ,കുടുംബശ്രീ ഹരിതകർമ്മസേന അംഗങ്ങൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം കുറുപ്പംപടി സർക്കിൾ അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. അബി ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് നയിച്ചു.
