അശമന്നൂർ ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണവും ഓണാഘോഷവും വിപുലമായി സംഘടിപ്പിച്ചു

August 22, 2026

അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെയും അശമന്നൂർ കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാചരണവും ഓണാഘോഷ പരിപാടികളും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഓഗസ്റ്റ് 21 രാവിലെ 11 മണിക്ക് പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പെരുമ്പാവൂർ എം.എൽ.എ മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ നട്ടെല്ലായ കർഷകരെ ആദരിക്കുന്നതും പാരമ്പര്യ തനിമ നിലനിർത്തുന്നതുമാണ് ഇത്തരം കൂട്ടായ്മകളെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുബാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വൈസ് പ്രസിഡന്റ ബിന്ദു നാരായണൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ, കൃഷി ഓഫീസർ, ഐ.സി.ഡി.എസ് ഓഫീസർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ, അംഗൻവാടി ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, നാട്ടുകാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ധാരാളം ആളുകൾ ആഘോഷങ്ങളിൽ പങ്കാളികളായി.

ദിനാചരണത്തിന്റെ ഭാഗമായി മനോഹരമായ പൂക്കള മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. പൂക്കള മത്സരത്തിൽ വിവിധ ടീമുകൾ ആവേശത്തോടെ പങ്കെടുത്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ചതോടെ ആഘോഷങ്ങൾ സൗഹൃദത്തിന്റെ പുതിയൊരു അനുഭവമായി മാറി.

onam2026