അശമന്നൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് അശമന്നൂർ ഗ്രാമപഞ്ചായത്ത്. 21.27 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് വേങ്ങൂർ, കോട്ടപ്പടി, രായമംഗലം, മുടക്കുഴ പഞ്ചായത്തുകൾ. തെക്ക് പായിപ്ര, രായമംഗലം, നെല്ലിക്കുഴി പഞ്ചായത്തുകൾ. പടിഞ്ഞാറ് രായമംഗലം പഞ്ചായത്ത്, കിഴക്ക് നെല്ലിക്കുഴി, കോട്ടപ്പടി പഞ്ചായത്തുകൾ എന്നിവയാണ്. 1953-ൽ ആറ് വാർഡുകളും 7 മെമ്പർമാരുമായി അശമന്നൂർ പഞ്ചായത്ത് നിലവിൽ വന്നു. ഒന്നാം വാർഡിൽ ഒരു ജനറൽ സീറ്റിനു പുറമേ ഒരു സംവരണ സീറ്റും ഉണ്ടായിരുന്നു. കാലാവധി മൂന്നു വർഷമായിരുന്നു. ഒന്നാമത്തെ പ്രസിഡന്റ് കെ. കേശവ പിഷാരടിയും തുടർന്ന് എസ്. എൻ. നായരും പ്രസിഡന്റുമാരായിരുന്നു. 1957 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണം നിലവിൽ വന്നു. 1963-ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. ഏഴ് മെമ്പർമാർക്ക് പുറമെ നോമിനേഷൻ മൂലം ഒരു വനിതാ മെമ്പറുമുണ്ടായിരുന്നു. ശ്രീമതി. ഭാനുമതി ബാലകൃഷ്ണൻ ആയിരുന്നു വനിതാ പ്രതിനിധി. അശമന്നൂർ പഞ്ചായത്ത് ഒരു കാലത്ത് ജൈന മത വിശ്വാസികളുടെ ആവാസകേന്ദ്രമായിരുന്നു. അവരുടെ സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഈ പ്രദേശത്തെ സാംസ്കാരിക പാരമ്പര്യത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പഞ്ചായത്തിന്റെ തെക്കെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുന്നിന്മുകളിലെ ശിലാസമുച്ചയങ്ങളും അവിടത്തെ ഗുഹാക്ഷേത്രവും കൊത്തുപണികളും ആ വസ്തുതയ്ക്കു ആധികാരികത നല്കുന്നു. ഇന്ന് കേരളത്തിൽ അവശേഷിച്ചിട്ടുള്ള അപൂർവ്വ ശിലാ ക്ഷേത്രങ്ങളിലൊന്നാണ് ഈ കല്ലിൽ ക്ഷേത്രം. 1965-ൽ സർക്കാർ ഇത് ഒരു സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു. ഈ കുന്നിന്മുകളിൽ എന്നും തെളിനീർ ലഭിക്കുന്ന ഒരു കിണർ ഉള്ളത് ആശ്ചര്യകരമാണ്. പെരിയാറിനും മൂവാറ്റുപുഴയാറിനു ഇടയിൽ ഏറ്റവും ഉയരം കൂടിയ കൊടി കുത്തിയാനിമല മുതൽ വടക്ക് കിഴക്കായി 15-ൽ പരം ചെറുതും വലുതുമായ കുന്നുകളും അവയുടെ ചെറുതാഴ്വരകളും കുന്നിന്മുകളിലെ നിരന്ന പ്രദേശങ്ങളും ഉൾപ്പെടെ 21.27 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി കിടക്കുന്ന ഭൂപ്രദേശമാണ് അശമന്നൂർ ഗ്രാമപഞ്ചായത്ത്. തെക്കേ അർദ്ധഭാഗത്തിന്റെ തെക്കു ഭാഗത്തുകൂടി പെരിയാർവാലി ഹൈ ലെവൽ കനാൽ കടന്നു പോകുന്നു. ഈ കനാൽ ഭൂനിരപ്പിൽ നിന്നും വളരെ ആഴത്തിലും ഒരു കിലോമീറ്റർ ദൂരം മേതല മലയില്കൂടിയുള്ള തുരങ്കം വഴിയുമാണ് കടന്നുപോകുന്നത്.
സ്വതന്ത്ര്യത്തിനു മുൻപ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്നു പ്രദേശങ്ങളും തമ്മിൽ കാര്യമായി പരസ്പരബന്ധമില്ലാതെ കഴിയുകയായിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂർ വടക്ക് ആലങ്ങാട് മുതൽ തെക്ക് പറവൂർ വരെ വളർന്നു. അതിനു മുൻപ് ഇന്നത്തെ തിരുവിതാംകൂർ പ്രദേശം കൊല്ലം, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ അനേകം കൊച്ചു കൊച്ചു നാടുവാഴികളുടേതായിരുന്നു. എ.ഡി.1100-ന് അടുത്ത് വെമ്പൊലിനാട് തെക്കുംകൂർ - വടക്കുംകൂർ എന്ന് രണ്ട് ഭാഗമായി പിരിഞ്ഞു. തെക്കുംകൂറും വടക്കുംകൂറും മറ്റനേകം നാട്ടുരാജ്യങ്ങളും തിരുവിതാംകൂറിന്റെ ഭാഗമായി. അശമന്നൂർ പഞ്ചായത്ത് പ്രദേശം വടക്കും കൂറിലായിരുന്നു. അങ്ങിനെ ഒരുകാലത്ത് വടക്കുംകൂറുകാരും തുടർന്ന് തിരുവിതാംകൂറുകാരും പിന്നീട് തിരുകൊച്ചിക്കാരും ആയിരുന്ന അശമന്നൂർ പഞ്ചായത്തുകാർ കേരളീയരായി. മേതല, ഏക്കുന്നം, തലപ്പുഞ്ച, ചെറുകുന്നം, പുന്നയം, അശമന്നൂർ, പയ്യാൽ, പനിച്ചയം, നൂലേലി, ഓടക്കാലി എന്നീ പ്രദേശങ്ങൾ അശമന്നൂർ പഞ്ചായത്തിന്റെ പ്രധാനഭാഗങ്ങളാണ്.
മേതല ഭാഗത്ത് അതിപുരാതനമായ കല്ലിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇന്ന് കേരളത്തിൽ അവശേഷിച്ചിട്ടുള്ള അപൂർവ്വം ശിലാക്ഷേത്രങ്ങളിലൊന്നാണ് കല്ലിൽ ക്ഷേത്രം. പാറക്കെട്ടുകൾക്ക് ഇടയിൽ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ക്ഷേത്രമുള്ളതിനാൽ ചുറ്റുപാടുമുള്ള പ്രദേശം കല്ലിൽ പ്രദേശമായി അറിയപ്പെടുന്നു. 35 മീറ്റർ ഉയരമുള്ള ഒരു വലിയ പാറയുടെ അടിയിലുള്ള ഗുഹയിലാണ് ശ്രീകോവിൽ. ശ്രീകോവിലിൽ പത്മാവതി ദേവിയുടേയും മഹാവീര ജൈനന്റെയും പഞ്ചലോഹ നിർമ്മിതമായ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്നു. മുകളിലത്തെ പാറയിലെ ഒരു വശത്ത് പാർശ്വനാഥ വിഗ്രഹം കൊത്തിയിട്ടുണ്ട്. ഈ പ്രാചീന ജൈനക്ഷേത്രത്തിൽ ഇന്ന് ഹൈന്ദവ രീതിയിലുള്ള ആരാധനകളാണ് നടന്നുവരുന്നത്. പത്മാവതീ ദേവിയെ പാർവ്വതി ദേവിയായും മഹാവീര ജൈനനെ ശിവനായും പാർശ്വനാഥനെ ബ്രഹ്മാവായും സങ്കല്പിച്ചു പൂജിച്ചുവരുന്നു.
ധാരാളം ഭൂസ്വത്തുക്കുളുണ്ടായിരുന്ന ഈ ക്ഷേത്രത്തിന്റെ ഊരാണ്മസ്ഥാനം ഇന്ന് കല്ലിൽ പിഷാരത്തിനാണ്. പിഷാരടിമാരുടെ പല ആചാരങ്ങൾക്കും ജൈനമതവുമായി ബന്ധമുണ്ട്. ജൈന മത വിശ്വാസികൾ ഇപ്പോഴും ദൂരസ്ഥലങ്ങളിൽ നിന്ന് ഇവിടെ ആരാധനയ്ക്ക് എത്താറുണ്ട്. വൃശ്ചികമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ കൊടിയേറി എട്ട് ദിവസം ഇവിടെ ഉത്സവം ആഘോഷിച്ചുവരുന്നു. അശമന്നൂർ ഭാഗത്ത് കഴുവേറ്റുംമോൾ എന്നാരു കുന്ന് സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് അനേകമാളുകളെ കൊല ചെയ്യുന്നതിനുപയോഗിച്ചിരുന്ന കൊലക്കല്ലുകളുടെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാവുന്നതാണ്.
അശമന്നൂർ പഞ്ചായത്തിന്റെ ആസ്ഥാനമായ ഓടക്കാലി എന്ന സ്ഥലനാമത്തിന്റെ ഉറവിടത്തെപ്പറ്റിയും വിവിധ കഥകളുണ്ട്. ഓടക്കൽ ആലി എന്നാരു മുസ്ലീമിന്റെ പേരിനോട് ബന്ധപ്പെടുത്തിയാണ് ഇന്നത്തെ ഓടക്കാലി എന്ന നാമം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ഒരുകാലത്ത് ഈ പ്രദേശം കാട്ടുപുല്ലുകൾ കൊണ്ട് നിറഞ്ഞിരുന്നതായും കള്ളന്മാരുടേയും പിടിച്ചുപറിക്കാരുടേയും ആവാസകേന്ദ്രവുമായിരുന്നു എന്നതിന് തർക്കമില്ല. വിജന പ്രദേശമായിരുന്ന ഓടക്കാലിയിലെ ആദ്യ കച്ചവടക്കാരന് ചുണ്ണാമ്പു മാത്രം വിറ്റിരുന്ന ഒരു മുസ്ലീമായിരുന്നു എന്ന് കാരണവന്മാർ പറയുന്നു. സ്വാതന്ത്ര്യത്തിനുശേഷവും കേരളത്തിൽ രൂപം കൊണ്ട മിക്ക പ്രസ്ഥാനങ്ങളുടെയും അലകൾ ഈ പഞ്ചായത്തിലും ദൃശ്യമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർഷക പ്രസ്ഥാനം ആയിരുന്നു. ജന്മിത്വത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന സമരപോരാട്ടങ്ങളിൽ ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളേയും അണിനിരത്തി കൃഷിഭൂമി കർഷകന് എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനും കർഷക പ്രസ്ഥാനത്തിന് സാധിച്ചു. ഈ പ്രദേശത്തെ പഴമക്കാർ അക്ഷരാഭ്യാസമുള്ളവരും ഉന്നത വീക്ഷണമുള്ളവരും ആയിരുന്നു.
പഴയകാലം മുതൽ തന്നെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ വളരെ സഹവർത്തിത്തത്തോടെ ജീവിച്ചു വന്നിരുന്നു. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. കേരളത്തിന്റെ തനതായ ശാസ്ത്രീയ കലാരൂപമായ കഥകളിയുടെ ആചാര്യനും അക്ഷര ശ്ളോക വിദഗ്ദനും, സംസ്കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ ചന്ദ്രമന ശ്രീധരൻ നമ്പൂതിരിയും, കഥകളി വേഷത്തിന് 1994-ലെ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡിന് അർഹനായ ദർപ്പണ ഗോവിന്ദൻ നമ്പൂതിരിയും, ദേശീയ തലത്തിൽ ശാസ്ത്രീയ സംഗീതത്തിൽ അറിയപ്പെടുന്ന യുവ സംഗീതജ്ഞനായ എം. കെ. ശങ്കരന്നമ്പൂതിരിയും ആ പഞ്ചായത്തിലെ പുന്നയം നിവാസികളാണ്.